Thursday, March 25, 2010

ദേവസ്വം ബില്‍ ക്ഷേത്രവിരുദ്ധം

കുമ്മനം രാജശേഖരന്‍


കൊച്ചി തിരുവിതാംകൂര്‍ ദേവസ്വം നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിക്കൊണ്ട്‌ മാര്‍ച്ച്‌ 22 ന്‌ നിയമസഭയില്‍ അവതരിപ്പിച്ചിട്ടുള്ള ബില്‍ വ്യാപകമായ പ്രതിഷേധത്തിനും ഉത്കണ്ഠയ്ക്കും ഇടനല്‍കിയിട്ടുണ്ട്‌. ബില്‍ ക്ഷേത്രങ്ങളെ രക്ഷിക്കുമെന്ന ദേവസ്വം മന്ത്രി ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോള്‍ ക്ഷേത്രങ്ങളെ സ്വന്തം ഉപഗ്രഹമാക്കി മാറ്റി അധികാര കേന്ദ്രീകരണത്തിന്‌ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന്‌ ഹിന്ദു സംഘടനകള്‍ ആക്ഷേപം ഉന്നയിക്കുന്നു. പ്രതിഷേധം ശക്തിപ്പെട്ടുവരുന്നതിനിടയില്‍ നിയമസഭയുടെ വിഷയനിര്‍ണയസമിതി ബില്ലിന്റെ നാനാവശങ്ങള്‍ പരിശോധിച്ചുവരികയാണ്‌. ഏതാനും ദിവസങ്ങള്‍ക്കകം ബില്ല്‌ നിയമസഭയില്‍ വീണ്ടുമെത്തും. എന്തുവന്നാലും പാസാക്കുമെന്ന പിടിവാശിയിലാണ്‌ എല്‍ഡിഎഫ്‌. ദേവസ്വം മന്ത്രി നിസ്സഹായനുമാണ്‌. ഈ സാഹചര്യത്തില്‍ ബില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധബുദ്ധികാട്ടുമെന്ന്‌ ന്യായമായും പ്രതീക്ഷിക്കാം.

ഈ സന്ദര്‍ഭത്തില്‍ ബില്ലിന്‌ അനുകൂലമായി എസ്‌എന്‍ഡിപി യോഗം ഉന്നയിച്ചിട്ടുള്ള വാദഗതികള്‍ സസൂക്ഷ്മം പരിശോധിക്കേണ്ടതുണ്ട്‌. സവര്‍ണ മേധാവിത്തം ആഗ്രഹിക്കുന്നവരാണ്‌ ബില്ലിനെ എതിര്‍ക്കുന്നതെന്നും ബില്‍ നിയമമായാല്‍ ക്ഷേത്രഭരണത്തിലുള്ള സവര്‍ണാധിപത്യം ഇല്ലാതാകുമെന്നുമാണ്‌ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിലയിരുത്തല്‍. അടിസ്ഥാനരഹിതമാണ്‌ ഈ അഭിപ്രായപ്രകടനമെന്ന്‌ പറയാതിരിക്കുക വയ്യ. ദേവസ്വം ബോര്‍ഡുകളുടെ സ്വയംഭരണാധികാരം നിലനിര്‍ത്തുവാന്‍ മുഖ്യമന്ത്രി ടി.കെ.നാരായണപിള്ളയെ കണ്ട്‌ മന്നത്തുപത്മനാഭനും ആര്‍.ശങ്കറും നിവേദനം നല്‍കിയതും ക്ഷേത്രഭരണത്തില്‍ ഭക്തജനപ്രാതിനിധ്യവും സാമൂഹ്യസമത്വവും സാമൂഹ്യനീതിയും നേടാന്‍ ശബ്ദമുയര്‍ത്തിയതും ഇത്തരുണത്തില്‍ സ്മരണീയമാണ്‌.

ക്ഷേത്രങ്ങളുടെ ഗോപുരകവാടങ്ങള്‍ മാത്രമല്ല, ഭരണകവാടങ്ങളും ഭക്തജനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കണമെന്ന അഭിപ്രായക്കാരായിരുന്നു ആ രണ്ട്‌ ജനകീയ നേതാക്കളും. പക്ഷേ കാലാന്തരത്തില്‍, അധികാര കേന്ദ്രീകരണത്തിലൂടെ ക്ഷേത്രഭരണം സ്വന്തം ചൊല്‍പ്പടിയില്‍ കൊണ്ടുവരാനാണ്‌ സര്‍ക്കാര്‍ ശ്രമിച്ചത്‌.

ശിവഗിരിമഠം ഏറ്റെടുത്തതിന്‌ പിന്നാലെ ഏത്‌ മഠവും ആശ്രമവും ക്ഷേത്രവും ഏറ്റെടുക്കുവാന്‍ സര്‍ക്കാരിന്‌ അധികാരം നല്‍കുന്ന ബില്‍ 1998 ല്‍ കൊണ്ടുവന്നു. പക്ഷേ ഭക്തജന സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പുമൂലം സര്‍ക്കാരിന്‌ പിന്‍വാങ്ങേണ്ടിവന്നു. വീണ്ടും മറ്റൊരു ബില്‍ അവതരിപ്പിച്ചുകൊണ്ട്‌ ക്ഷേത്രഭരണത്തില്‍ ഇടപെടുവാനുള്ള അധികാരം കൈക്കലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. മന്നം ശങ്കരന്മാര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമാണ്‌ ഈ നീക്കം.

അധികാരം ഭക്തജനങ്ങളിലേക്ക്‌ പകരുകയും വികേന്ദ്രീകരിക്കുകയുമാണ്‌ ഏറ്റവും വലിയ പുരോഗമനാശയം. അധികാരം സര്‍ക്കാരിലേക്ക്‌ കേന്ദ്രീകരിക്കുന്നത്‌ പിന്തിരിപ്പന്‍ ഫാസിസ്റ്റ്‌ ആശയമാണ്‌. ജനകീയ ആസൂത്രണത്തിലൂടെയും വികേന്ദ്രീകരണത്തിലൂടെയും വികസനപ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം നല്‍കിയെന്ന്‌ വീമ്പിളക്കുന്ന ഇടതുപക്ഷ സര്‍കകാര്‍ ക്ഷേത്രഭരണത്തില്‍ മാത്രം അധികാര കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ അധികാരകേന്ദ്രീകരണത്തിന്‌ ശ്രമിക്കുന്നത്‌ ഒട്ടും ആശാസ്യമല്ല. കുട്ടികൃഷ്ണമേനോന്‍ കമ്മീഷനും (1965) കെ.പി.ശങ്കരന്‍ നായര്‍ കമ്മീഷനും(1984)ഭക്തജന പ്രാതിനിധ്യം നല്‍കി ക്ഷേത്രഭരണം ജനാധിപത്യവല്‍ക്കരിക്കണമെന്ന്‌ ശുപാര്‍ശ ചെയ്തിരുന്നു. 1994 ല്‍ ഹൈക്കോടതിയും രാഷ്ട്രീയ വിമുക്തമായ ക്ഷേത്രഭരണത്തിന്റെ അനിവാര്യത അടിവരയിട്ടു സൂചിപ്പിക്കുകയുണ്ടായി. കാണിക്കവഞ്ചിയില്‍ പണമിടുന്നവരും വഴിപാടുകള്‍ നടത്തുന്നവരുമായ ഭക്തജനങ്ങളാണ്‌ ക്ഷേത്രങ്ങളെ നിലനിര്‍ത്തുന്നവര്‍. കണ്ണിലെ കൃഷ്ണമണിപോലെ ക്ഷേത്രം അവര്‍ കാത്തുസൂക്ഷിച്ചുപോരുന്നു. കല്ലുചുമന്നും വിയര്‍പ്പൊഴുക്കിയും കഷ്ടപ്പെട്ട്‌ പണിതുയര്‍ത്തിയ ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളില്‍ ഇന്നാരുമല്ല. അവരുടെ അധ്വാനശേഷികൊണ്ടും സമര്‍പ്പണംകൊണ്ടും ഉയര്‍ന്നുവന്നതാണ്‌ കേരളത്തിലെ ക്ഷേത്രങ്ങള്‍. അവ ഭരിക്കാന്‍ മാത്രം കൈവീശിയും കീശ തടവിയും വരുന്ന ജന്മിമാരായ സര്‍ക്കാര്‍ അടിയാളന്മാരെപ്പോലെ ഭക്തജനങ്ങളെ വിളിപ്പാടകലെ മാറ്റിനിര്‍ത്തുന്നത്‌ പഴയകാല ഫ്യൂഡലിസത്തിന്റെ തിരിച്ചുവരവിന്‌ കളമൊരുക്കുകയാണ്‌. ചങ്ങമ്പുഴയുടെ 'വാഴക്കുല'യിലെ ജന്മിയാകാനുള്ള ശ്രമത്തിലാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍. ക്ഷേത്രങ്ങള്‍ ഭരിക്കാന്‍ ഞങ്ങളും മരിക്കാന്‍ ഭക്തജനങ്ങളും എന്ന സര്‍ക്കാര്‍ നയം നീതീകരിക്കാനാവില്ല.


"ആരാധനാലയങ്ങള്‍ ആരാധകരുടേതാണ്‌. മതസ്ഥാപനങ്ങള്‍ ഭരിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനാ ദത്തമായ പൗരാവകാശമാണ്‌"- സുപ്രീംകോടതിയുടെ ഒരു സുപ്രധാന വിധിയിലെ പരാമര്‍ശമാണിത്‌. ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്ക്കരണ കമ്മീഷന്‍ ക്രൈസ്തവദേവാലയങ്ങളും സ്വത്തുക്കളും ഭരിക്കാന്‍ ഒരു പ്രത്യേക ഭരണസംവിധാനം വേണമെന്ന്‌ ശുപാര്‍ശ ചെയ്യുകയുണ്ടായി. മതസ്വാതന്ത്ര്യത്തെ ഈ നിര്‍ദ്ദേശം ഇല്ലാതാക്കുമെന്ന്‌ വ്യക്തമാക്കിക്കൊണ്ടാണ്‌ പിണറായി വിജയനും നിയമമന്ത്രി വിജയകുമാറും കൃഷ്ണയ്യരുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തത്‌. ക്രൈസ്തവ സഭകളുടെ മതസ്ഥാപനങ്ങള്‍ക്ക്‌ സര്‍വസ്വാതന്ത്ര്യം നല്‍കണമെന്ന്‌ വാദിക്കുന്നവര്‍ ഹിന്ദുക്ഷേത്രങ്ങളെ മൂക്കുകയറിട്ട്‌ കര്‍ശന നിയന്ത്രണത്തിലാക്കണമെന്ന്‌ ശഠിക്കുന്നത്‌ എന്തിന്‌? ഇത്‌ പരസ്യമായ മതവിവേചനമാണ്‌, നിന്ദ്യമായ പൗരാവകാശ ധ്വംസനമാണ്‌, നീചമായ ഭരണഘടനാ ലംഘനമാണ്‌.

തര്‍ക്കമോ സംഘര്‍ഷമോ മൂലം കേരളത്തിലെ ഒരു ക്ഷേത്രവും പൂട്ടിയിട്ടിട്ടില്ല. ഒരു ക്ഷേത്രത്തിലും ഭരണസ്തംഭനമില്ല, തര്‍ക്കങ്ങളില്ല. പിന്നെന്തിനാണ്‌ ഇപ്പോള്‍ ക്ഷേത്രഭരണത്തില്‍ ഇടപെടാനുള്ള അധികാരം സര്‍ക്കാരിന്‌ വേണമെന്ന്‌ നിര്‍ബന്ധിക്കുന്നത്‌? അതേസമയം ബാവാ-മെത്രാന്‍ കക്ഷി തര്‍ക്കംമൂലം ചില ക്രിസ്ത്യന്‍ പള്ളികള്‍ പൂട്ടിയിട്ടിട്ടുണ്ട്‌. അധികാര തര്‍ക്കം നിലവിലുള്ള മുസ്ലീം പള്ളികള്‍ ധാരാളം. അവിടങ്ങളില്‍ ഇടപെടാനുള്ള ധൈര്യം കാട്ടാത്ത സര്‍ക്കാരാണ്‌ കേരളത്തിലുള്ളത്‌. കഴിഞ്ഞ കാലങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ഭാരവാഹികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നതാണ്‌ ഇപ്പോള്‍ ചൂണടിക്കാണിക്കുന്ന ഏകകാരണം. ബോര്‍ഡിലേക്ക്‌ അവരെ പറഞ്ഞുവിട്ടത്‌ സര്‍ക്കാരാണെങ്കില്‍ അവരുടെ വീഴ്ചകള്‍ക്കും സര്‍ക്കാര്‍ ഉത്തരവാദിയാണ്‌. നല്ല 3 പേരെ പറഞ്ഞയക്കാന്‍ കഴിവില്ലാത്ത സര്‍ക്കാര്‍ ഇനി നല്ലവരായ ഏഴ്‌ പേരെ എങ്ങനെ നിശ്ചയിക്കും?

ക്ഷേത്രഭരണകാര്യങ്ങളിലുണ്ടാകുന്ന ക്രമക്കേട്‌, അഴിമതി, കെടുകാര്യസ്ഥത തുടങ്ങിയവ സംബന്ധിച്ച കേസുകള്‍ ഹൈക്കോടതിയാണ്‌ കൈകാര്യം ചെയ്തുവരുന്നത്‌. സര്‍ക്കാരിന്‌ ഇടപെടാനുള്ള അധികാരം കിട്ടുന്നതോടെ ഹൈക്കോടതിയുടെ അധികാരാവകാശങ്ങള്‍ മെല്ലെ ചുരുങ്ങിവരും. അഴിമതി തടയാനാണ്‌ ദേവസ്വം ഭേദഗതി ബില്ലെന്ന വാദഗതികള്‍ക്കും അടിസ്ഥാനമില്ല. ഇപ്പോള്‍ത്തന്നെ അഴിമതി തടയാന്‍ വ്യക്തമായ നിബന്ധനകള്‍ ആക്ടിലുണ്ട്‌. മാത്രവുമല്ല, ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പരിധിയില്‍ ദേവസ്വം ബോര്‍ഡ്‌ വരും.

എല്ലാ കാര്യങ്ങളും സര്‍ക്കാരിനോട്‌ ആലോചിക്കണമെന്ന്‌ വന്നാല്‍ ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച തന്ത്രിമുഖ്യന്മാരുടേയും ഭക്തജനങ്ങളുടേയും അഭിപ്രായങ്ങള്‍ക്ക്‌ കാലക്രമത്തില്‍ വിലയില്ലാതാകും. ശബരിമല ക്ഷേത്രത്തില്‍ അരവണക്ക്‌ എത്ര കൂട്ട്‌ ശര്‍ക്കര ചേര്‍ക്കണമെന്ന്‌ ദേവസ്വം മന്ത്രി നിശ്ചയിക്കുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ എത്തും.

(നാളെ: സാമൂഹ്യനീതി നിഷേധിക്കുന്ന ഫ്യൂഡലിസ്റ്റ്‌ ബില്‍)

No comments:

Post a Comment